Friday, March 23, 2012

വര്‍ക്കല തുരപ്പും പാര്‍വ്വതിപുത്തനാറും

1824-ല്‍ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച കനാലാണ് പാര്‍വ്വതി പുത്തനാര്‍. തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതി ഭായിയാണ് ഈ കനാല്‍ നിര്‍മ്മിച്ചത്. ഇതിന്റ നിര്‍മ്മാണം വര്‍ക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വര്‍ക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയില്‍ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വര്‍ക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാല്‍നടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങള്‍ക്കു പോയിവരാന്‍. 

വര്‍ക്കല കുന്നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ആയില്യം തിരുനാളിന്റെ കാലത്ത് സര്‍ ടി. മാധവറാവു ദിവാനയിരുന്നപ്പോള്‍ ബ്രിട്ടനില്‍ നിന്നും വന്ന വില്യം ബാര്‍ട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1877-ല്‍ വര്‍ക്കല കുന്ന് തുരന്ന് ഗതാഗതമാര്‍ഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വര്‍ക്കല തുരപ്പ്' എന്നറിയപ്പെടുന്നത്. ശേഷം അനന്തപുരിയില്‍ നിന്നും ആലപ്പുഴ- തൃശൂര്‍വഴി ഷൊര്‍ണൂര്‍വരെ പോകാമെന്ന സൗകര്യം നിലവില്‍വന്നു. (അന്ന് ഷൊര്‍ണൂര്‍ വരെയെ തീവണ്ടിയുണ്ടായിരുന്നുള്ളു). ഈ കനാലിനെയാണ് ടി.എസ്. കനാല്‍ അഥവാ തിരുവനന്തപുരം- ഷൊര്‍ണൂര്‍ കനാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. 

ഇന്ന് ഇതെല്ലാം വെറും ചരിത്രവസ്തുതകള്‍ മാത്രമാണ്. പാര്‍വ്വതിപുത്തനാര്‍ ഇടയ്ക്കിടയ്ക്ക് കരയേത് കനാല്‍ ഏത് മനസ്സിലാകാത്ത അാസ്ഥയില്‍. വര്‍ക്കല തുരപ്പിനും ഏകദേശം അതേ അവസ്ഥതന്നെ

No comments:

Post a Comment

നന്ദി...!!!!